Call us at +91 9539742744
ശ്രീ മഹാദേവനും ശ്രീമഹാവിഷ്‌ണുവിനും, തുല്യ പ്രാധാന്യമുളള ആലപ്പുഴ ജില്ലയിൽ, മാവേലിക്കര താലൂക്കിൽ, പാലമേൽ വില്ലേജിൽ കുടശ്ശനാട് (അടുത്ത പട്ടണം പന്തളം, 5 കി.മീ നൂറനാട് 5 കി.മീ.) അതിവിശാലമായ കരിങ്ങാലി പുഞ്ചയുടെ (കരിങ്ങാലി കായൽ) കിഴക്കേക്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പ്രധാന പ്രതിഷ്ഠകൾ ഒരേ നാലമ്പലത്തിൽ കിഴക്കു ദർശനമായ രണ്ടു വ്യത്യസ്ത ശ്രീകോവിലിൽ സ്വയംഭൂവായ സ്ത്രീ മഹാദേവനും ചതുർബാഹു ആയ ശ്രീ മഹാവിഷ്ണുവും ക്ഷേത്രോൽപത്തി പാണ്ഡവരുടെ വനവാസവുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്. ക്ഷേത്രം ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സംരക്ഷണയിലാണ്. ശ്രീകോവിലുകളും നമസ്കാര മണ്ഡപങ്ങളും ഒഴിച്ച് നാലമ്പലവും കൊടിമരങ്ങളും ആനക്കൊട്ടിലും നാട്ടുകാരുടെ സഹകരണത്തോടെ ദേവസ്വം ബോർഡ് പുതുക്കി പണിഞ്ഞിട്ടുണ്ട്.
പ്രധാന പ്രതിഷ്ഠകളായ ശ്രീ മഹാദേവനും ശ്രീമഹാവിഷ്ണുവും കൂടാതെ മഹാദേവന്റെ ശ്രീകോവിലിനോട് ചേർന്ന് ഒരല്പം ചെരിഞ്ഞ് വടക്ക് കിഴക്കോട്ട് ദർശനമായി ഭഗവാൻറെ മടിയിൽ ഉപവിഷ്ടനായ ഭാവത്തിൽ ഗണപതി പ്രതിഷ്ഠയും,ഗണപതി പ്രതിഷ്ഠയും അതേ ശ്രീകോവിലിൽ പടിഞ്ഞാറോട്ട് ദർശനമായി അവയെ വരദ മുദ്രകളോട് കൂടി യ സുന്ദരിയായ ശ്രീ പാർവതി ദേവിയുടെ പ്രതിഷ്ഠയും ഉണ്ട്. മഹാവിഷ്ണുവിൻറെ ശ്രീകോവിലിൽ ഇടതും വലതും ശ്രീദേവിയെയും ഭൂദേവിയെയും സങ്കൽപ്പിച്ചിരിക്കുന്നു. നാലമ്പലത്തിനുള്ളിൽ തെ്ക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ത്രീധർമ്മശാസ്താവ് പുറത്ത് മാടസ്വാമി, യക്ഷിയമ്മ, ശ്രീനാഗരാജാവ്, ശ്രീനാഗയക്ഷിയമ്മ, വടക്ക് കിഴക്ക് ഭാഗത്ത് രക്ഷസിന് ആലയവും സ്ഥിതി ചെയ്യുന്നു.
ഹരിപ്പാട് പടിഞ്ഞാറെ പുല്ലാം വഴി ഇല്ലത്തിനാണ് തന്ത്രം. കുംഭത്തിലെ ഉത്രം ആറാട്ട് വരത്തക്ക വിധത്തിൽ കൊടിയേറി എട്ടു ദിവസത്തെ ഉത്സവമാണ് ഇവിടെ. ഒരുപോലെ രണ്ടു കൊടിയേറ്റം ഒരേസമയം നടക്കുന്ന രണ്ടു ഉത്സവ ബലി രണ്ട് ആറാട്ട് എന്നിവ ഇവിടത്തെ പ്രത്യേകതകളാണ്. ഇവിടെ രണ്ട് നടയിലും ഒരുപോലെ വഴിപാടുകൾ ചെയ്യണം എന്നാണ് ആചാരം. ഉത്സവകാലത്ത് ആയില്യം നാളിൽ നാഗരാജാവിനും നാഗയക്ഷിയ്ക്കും വർഷത്തിൽ ഒരിക്കൽ മാത്രം വിശേഷാൽ നൂറും പാലും നടത്തുന്നു. ആറാട്ടിന് മഹാദേവനും മഹാവിഷ്ണുവും രണ്ട് ആനപ്പുറത്തായി എഴുന്നള്ളി ക്ഷേത്രം വലം വച്ച് പടിഞ്ഞാറെ നടയിൽ എത്തുമ്പോൾ മറ്റൊരു ആനപ്പുറത്ത് ശ്രീപാർവ്വതി ദേവിയെ കൂടി എഴുന്നള്ളിക്കുന്നു. ശൈവ-വൈഷ്ണവ-ശാക്തേയ മൂർത്തികളുടെ കൂടി എഴുന്നള്ളത്ത് വർഷത്തിൽ ഒരിക്കൽ മാത്രം നടക്കുന്നതും അത്യപൂർവ്വവും ഏറ്റവും ശ്രേഷ്ഠവും ദർശന പ്രധാനവുമാണ്. മഹാദേവന്റെയും മഹാവിഷ്ണുവിന്റെയും ആറാട്ട് ദിവസം മാത്രം ആണ് ശ്രീപരമേശ്വരി ശ്രീലകം വിട്ട് പുറത്ത് എഴുന്നള്ളുന്നത്. കുംഭത്തിലെ ഉത്സവമാണ് പ്രധാമെങ്കിലും ശിവരാത്രിയും അഷ്ടമിരോഹിണിയും മണ്ഡലച്ചിറപ്പും എല്ലാം ഇവിടെ വിശേഷാൽ കൊണ്ടാടുന്നു. നവരാത്രികാലത്ത് പടിഞ്ഞാറേ നടയിൽ പൂജ വയ്ക്കുകയും വിജയദശമി ദിവസം കുട്ടികളെ എഴുത്തിന് ഇരുത്തുകയും ചെയ്യുന്നു. എല്ലാ മാസവും പൗർണമിയും പ്രദോഷവും ആചരിക്കാറുണ്ട്. പുണ്യമായ 18 കൈവഴികൾ ഉള്ള കരിങ്ങാലി പുഞ്ചയുടെ കരയിൽ ആയതുകൊണ്ട് വിഷ്ണു ചൈതന്യം ഉള്ളതുകൊണ്ടും കർക്കിടക വാവു വലിക്ക് ഇവിടെ ധാരാളം ആളുകൾ എത്താറുണ്ട്.
ശൈവവും വൈഷ്ണവും ആയ ആരാധനയ്ക്ക് ഒരുപോലെ ഉത്തമമാണ് ഈ മഹാക്ഷേത്രം. ഇവിടുത്തെ ദേവന്മാർ ആശ്രിതവത്സരും വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്നവരും ആണ്. മഹാദേവനെ പൊതുവേ ഉഗ്രഭാവം പറയാറുണ്ടെങ്കിലും വിളങ്ങിനിൽക്കുന്ന വൈഷ്ണവ കലയുടെയും(മഹാവിഷ്ണു) ശൃംഗാര രൂപിണിയും ത്രിലോക സുന്ദരിയുമായ ശ്രീ പാർവതിയുടെ സാന്നിധ്യം കൊണ്ടും "അണികുന്നത്ത് മഹാദേവർ" സൗമ്യനും ക്ഷമയുള്ളവനും അതീവ ശക്തി ചൈതന്യമായും ഭക്തജനങ്ങൾക്ക് അനുഗ്രഹം ചൊരിഞ്ഞു വാണരുളുന്നു.